All premium Magento themes at magentothemesworld.com!

ഗ്രാമയാത്ര - ലക്ഷ്യങ്ങള്‍

കേരളത്തില്‍ അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയിട്ട് 18 വര്‍ഷത്തോളമാകുന്നു. കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഒരു നവ ചൈതന്യം പകരാനുള്ള, അധികാര വികേന്ദ്രീകരണത്തിന്റെ സത്ത ഉള്‍ക്കൊള്ളുവാനുള്ള, സ്വാശ്രയ പഞ്ചായത്തുകളുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന, തനത് ഗ്രാമമുദ്രകളില്‍ അവബോധം ഉളവാക്കുന്ന 'ഗ്രാമയാത്ര' എന്ന ഒരു സവിശേഷ പരിപാടിക്ക് 2012 റിപ്പബ്ലിക് ദിനത്തില്‍ തൃശൂര്‍ ജില്ലയിലെ അന്നമനട ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ടിരിക്കുകയാണ്. ബഹു: കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ടി പരിപാടിയില്‍ ബഹു: ഗ്രാമവികസന മന്ത്രിയും മറ്റ് പ്രമുഖ ജനപ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. കേരളത്തില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഗ്രാമയാത്രകള്‍ നടത്തി അതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ സഭകള്‍ ചേരണം എന്നുള്ളതാണ് ഈ പദ്ധതി. പങ്കാളിത്ത ജനാധിപത്യ സംവിധാനം, വികേന്ദ്രീകൃതാസൂത്രണം എന്നിവയുടെ അടിസ്ഥാനശില ഗ്രാമസഭയാണെന്നും അവ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്താനും പരിഹാര നിര്‍ദ്ദേശത്തിനും ഉള്ള പ്രഥമവും പ്രാഥമികവുമായ വേദിയാണെന്നും അവയിലെ പങ്കാളിത്തം ഓരോ പൌരന്റെയും കടമയാണെന്നും ഉള്ള അവബോധം ഊട്ടിയുറപ്പിക്കുകയാണ് ഈ സഭ ചേരലുകളുടെ പ്രധാന ഉദ്ദേശ്യം. ഗ്രാമസഭകളില്‍ തദ്ദേശ വാസികളുടെ സജീവ പങ്കാളിത്തം കുറഞ്ഞുവരുന്നതായി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നമ്മുടെ ഗ്രാമങ്ങളുടെ തനത് സംസ്കാരം, തനിമയും നന്മയും, അവയുടെ തനത് കായിക കലാ സാംസ്കാരിക സാമൂഹ്യ മുദ്രകള്‍ ഇവയ്ക്കൊക്കെ ഒരു പുനര്‍ നിര്‍മ്മിതിയും പുറം ലോകത്തിന് അവയെപ്പറ്റി ഒരു അവബോധം ഉണര്‍ത്തിയെടുക്കലും ഗ്രാമയാത്രയുടെ ഒരു ലക്ഷ്യ മാകുന്നു. 'കരുതലും വികസനവും' എന്ന സന്ദേശം ഗ്രാമസഭകള്‍ ഉയര്‍ത്തിക്കാട്ടും. ഗ്രാമസഭ നടക്കുന്ന പ്രദേശത്തെ പരമ്പരാഗത കലാരൂപങ്ങള്‍ , നാട്ടറിവുകള്‍ , പൈതൃക ശേഷിപ്പുകള്‍ ഇവ മനസ്സിലാക്കുവാനും, പ്രദേശത്തെ പ്രധാന സവിശേഷതകള്‍ , പഞ്ചായത്തിലെ പ്രധാന പോരായ്മകള്‍ , ജനങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവ സ്പര്‍ശിച്ചറിയാനും ഉള്ള ശ്രമങ്ങള്‍ ഉണ്ടാകും. ഗ്രാമങ്ങളില്‍ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കായി “മാസ്റ്റര്‍ പ്ലാന്‍ ” ഉണ്ടാക്കേണ്ടതിന്റെ ആവശ്യം ഉദ്ബോധിപ്പിക്കും. ഓരോ പഞ്ചായത്തിലും കളിസ്ഥലം, പൊതു ശ്മശാനം, മാലിന്യസംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വേണം. കൂടാതെ പഞ്ചായത്തിലെ പശ്ചാത്തല വികസനം, ജല നിര്‍ഗ്ഗമനം എന്നിവ ശാസ്ത്രീയമാക്കുന്നതിന് വ്യക്തമായ പ്ലാന്‍ ഉണ്ടാകണം. പ്രദര്‍ശനങ്ങള്‍ , നാട്ടിലെ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഡെമോണ്‍സ്ട്രേഷനുകള്‍ , തനത് ഭക്ഷ്യമേള തുടങ്ങിയവയും ഇതോടനുബന്ധിച്ചുണ്ടാകും. പ്രദേശത്തെ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. ഗ്രാമസഭകളുടെ ഫലപ്രാപ്തി ജനകീയ പങ്കാളിത്തത്തോടുകൂടി എങ്ങിനെ ഉറപ്പ് വരുത്താം എന്ന് പഠിക്കുന്നതിനായി ഓരോ ജനകീയ കമ്മീഷന്‍  ഗ്രാമയാത്രയില്‍ പങ്കെടുക്കുന്ന ഓരോ വാര്‍ഡിലും രൂപീകരിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് 2012 ഡിസംബറില്‍ നടക്കുന്ന ‘ഗ്ലോബല്‍ റൂറല്‍ മീറ്റില്‍ ’ അവതരിപ്പിക്കുവാന്‍  തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ സവിശേഷ കാര്‍ഷികവിള, കാര്‍ഷികരീതി, വിദ്യാഭ്യാസ - സാംസ്കാരിക പൈതൃകം പേറുന്ന വയോജനങ്ങള്‍ , സഹന-ത്യാഗ പാരമ്പര്യമുള്ള രാഷ്ട്രീയ - സാമൂഹിക നേതാക്കള്‍ , ഗ്രാമങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ , സ്ഥാപനങ്ങള്‍ , ഗ്രാമനന്മ പുലരുന്ന ഇടങ്ങള്‍ , പുലര്‍ത്തുന്ന വ്യക്തികള്‍ ഇവയൊക്കെ ഉള്‍ച്ചേര്‍ന്ന ഒരു ബൃഹത്തായ കൂടിച്ചേരല്‍ ഓരോ ഗ്രാമസഭയിലും ഉണ്ടാകും. സഭകള്‍ ഗ്രമത്തിലെ പുഴയോരം, കടലോരം, വൃക്ഷച്ചുവടുകള്‍ , പൈതൃക മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ ചേരാം. ഒരു പഞ്ചായത്തിലെ മുഴുവന്‍ ജനതയുടെയും പ്രാതിനിധ്യം സഭകള്‍ക്കുണ്ടാവണം. കുറഞ്ഞത് 200-300 ആളുകള്‍ എങ്കിലും പങ്കെടുക്കണം. ഈ സഭകളില്‍ ആ ഗ്രാമത്തെപ്പറ്റിയും, ഗ്രാമത്തിന്റെ സര്‍വതോന്മുഖമായ വികസനത്തെപ്പറ്റിയും സജീവമായ ചര്‍ച്ചകള്‍ ഉണ്ടാവും. ഗ്രാമത്തെ ഉണര്‍ത്താനുള്ള ഒരു ശ്രമമായിരിക്കണം ഈ സഭകള്‍ . സംസ്ഥാനം ഒട്ടാകെ ഈ ഗ്രാമയാത്ര ശ്രദ്ധിക്കപ്പെടണം. ഓരോ ഗ്രാമത്തിലും നവചലനങ്ങള്‍ക്ക് ഗ്രാമയാത്ര തുടക്കമിടണം. വിവിധ രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പരിപാടിയില്‍ ഉള്‍ക്കൊള്ളിക്കണം. ഇതിന് വിവിധ മാധ്യമങ്ങള്‍ മുഖേന വ്യാപകമായ പ്രചാരണം നല്‍കേണ്ടതുണ്ട്.

ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി, ജില്ലാതല സമിതികള്‍ , മണ്ഡലതല സമിതികള്‍ എന്നിവയുണ്ട്. സംസ്ഥാനതല സമിതി തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍ , അഡീഷണല്‍ ഡയറക്ടര്‍ , കില ഡയറക്ടര്‍ , പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ , ഐ.കെ.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ , പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്. ജില്ലാതല സമിതികളുടെ രക്ഷാധികാരികള്‍ ബന്ധപ്പെട്ട എം.പി.മാരായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി വൈസ് ചെയര്‍മാനുമാണ്. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ , കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ മറ്റംഗങ്ങളുമാണ്. എം എല്‍ എ-മാര്‍ രക്ഷാധികാരികളായ മണ്ഡല സമിതികളുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റും വൈസ് ചെയര്‍മാന്‍ പഞ്ചായത്തിലെ പ്രധാന എതിര്‍ കക്ഷി നേതാവുമാണ്. കണ്‍വീനര്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും, വാര്‍ഡ് മെമ്പര്‍ ജോയിന്റ് കണ്‍വീനറുമായിരിക്കും. പഞ്ചായത്ത് സമിതി അംഗങ്ങള്‍ , കുടുംബശ്രീ എ ഡി എം സി, മണ്ഡലത്തിലെ ഇതര പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരും അംഗങ്ങളാണ്. എല്ലാ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് ഗ്രാമങ്ങളില്‍ സഭകള്‍ ചേരുക.